ദീപിക പദുക്കോണിനെ ക്ഷണിച്ചത് ഖത്തറോ? ഉത്തരമിതാ

ഡിസംബർ 18ന് ഫ്രാൻസിനെ 4-2ന് പരാജയപ്പെടുത്തി അർജന്റീന ഫിഫ ലോകകപ്പ് സ്വന്തമാക്കി. ദീപിക പദുക്കോണ്‍ ആയിരുന്നു ഖത്തറിലെ സ്റ്റേഡിയത്തിലെത്തി ലോകകപ്പ് ഫുട്ബോള്‍ ട്രോഫി അനാവരണം ചെയ്തത്. സംഭവം ഏറെ ചർച്ചയായി. ദീപിക പദുക്കോൺ കഴിഞ്ഞ കുറച്ചുദിവസമായി ഇന്ത്യയിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു. പഠാൻ എന്ന ചിത്രത്തിലെ ​ആദ്യ​ഗാനമായിരുന്നു ഇതിന് കാരണം. തുടർന്ന് സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങൾ നടക്കുന്നതിനിടെയാണ് ദീപിക ഖത്തറിലെത്തിയത്. ദീപികയെ ഖത്തർ ക്ഷണിച്ചുവെന്നും, നടിക്ക് ഖത്തർ നൽകിയത് അസാധ്യ വരവേൽപ്പായിരുന്നുവെന്നും പ്രചരിച്ചു.

‘ഇതാണ് സ്ത്രീ, ഈയിടെയായി രാജ്യം ദിവസവും ശല്യപ്പെടുത്തുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തവർ. ഇന്ത്യക്ക് അഭിമാനമായി മാറിയവർ, വെറുപ്പിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ദീപിക. അവിടെ ആരും ബിക്കിനിയുടെ നിറം നോക്കിയില്ല, ഇന്ത്യയെ ലോകം അറിയുന്നത് ദീപിക പദുകോണിലൂടെയും ഷാരൂഖ് ഖാനിലൂടെയുമാണ്, ദീപിക ഇന്ത്യയുടെ മകൾ, വിമർശകർക്കുള്ള കടുത്ത മറുപടി’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ശരിക്കും ദീപിക എങ്ങനെയാണ് ലോകകപ്പ് അനാവരണ ചടങ്ങില്‍ മുഖ്യപങ്കാളിയായി എത്തിയത് എന്നതിന് ഉത്തരമുണ്ട്.

ദീപിക പദുക്കോണിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ നിമിഷമാണ് എന്നതിൽ സംശയമില്ല. എന്നാൽ, പങ്കെടുക്കുന്നവരിൽ ഉൾപ്പെടാത്ത ഒരു രാജ്യത്ത് നിന്നുള്ള ഒരു സെലിബ്രിറ്റിയെ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിലേക്ക് ഫിഫ ക്ഷണിക്കുന്നത് എന്തുകൊണ്ടാണെന്ന് അധികമാരും ചിന്തിച്ചിട്ടുണ്ടാകില്ല. ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നില്ല ദീപിക പദുക്കോൺ ഖത്തറിലെത്തിയത്. ദീപിക ബ്രാൻഡ് അംബാസഡറായ ആഡംബര ബ്രാൻഡായ ലൂയിസ് വിറ്റണിനെ പ്രതിനിധീകരിക്കുകയായിരുന്നു അവർ. വാസ്തവത്തിൽ, ലൂയി വിറ്റണിന്റെ ബ്രാൻഡ് അംബാസഡറാകുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദീപിക. 2022 മെയ് മാസത്തിൽ അവർ എൽവിയുടെ ബ്രാൻഡ് അംബാസഡറായി ചേർന്നു.

കാലങ്ങളായി ലോകകപ്പ് ഫൈനലിന് തൊട്ട് മുന്‍പാണ് ലോകകപ്പ് അനാവരണ ചടങ്ങ് നടത്തുന്നത്. ഫിഫയെ സംബന്ധിച്ച് വളരെ സവിശേഷമായ ഒരു ചടങ്ങാണ് ഇത്. രണ്ടുപേരാണ് ഈ പരിപാടിയില്‍ ഉണ്ടാകുക. മുന്‍പ് ലോകകപ്പ് നേടിയ ക്യാപ്റ്റന്‍, ഒപ്പം ട്രോഫി കൊണ്ടുവരുന്ന പെട്ടി സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ അംബാസിഡര്‍. 2010 ലോകകപ്പ് സ്പെയിന്‍ നേടുമ്പോള്‍ ക്യാപ്റ്റനായിരുന്ന മുന്‍ സ്പാനീഷ് ഗോള്‍ കീപ്പര്‍ കാസിലായാണ് ദീപികയ്‌ക്കൊപ്പം ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. ദീപികയാണെങ്കില്‍ ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്പോണ്‍സര്‍ ചെയ്ത ലൂയിസ് വ്യൂട്ടൺ എന്ന ആംഢബര ബ്രാന്‍റിന്‍റെ അംബാസിഡറാണ്. കാലാകാലങ്ങളായി ഇതാണ് ഫിഫയുടെ പതിവ്.