ശ്രീലങ്കൻ പരമ്പര: മലയാളി താരം സഞ്ജു സാംസൺ ടീമിൽ, പന്ത് പുറത്ത്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി. അതേസമയം, സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും കെഎൽ രാഹുലിനും ടി20 ടീമിൽ ഇടംനേടാനായില്ല. ഹർദ്ദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുക.

വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയും മലയാളി താരം സഞ്ജു സാംസണെയും ടീമിൽ ഉൾപ്പെടുത്തിയപ്പോൾ റിഷഭ് പന്തിനെ ടീമിൽ പരിഗണിച്ചില്ല. സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ. ഹർദ്ദിക്കിനെ കൂടാതെ അക്സർ പട്ടേൽ, വാഷിംട്ൺ സുന്ദർ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ.

അതേസമയം, ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ രോഹിത് ശർമ നായകനായി തിരികെയെത്തും. വിരാട് കോഹ്ലിയും ടീമിലിടം നേടി. വിക്കറ്റ് കീപ്പർമാരായി കെഎൽ രാഹുലും ഇഷാൻ കിഷനും എത്തിയപ്പോൾ റിഷഭ് പന്തിനെ ഏകദിന ടീമിലും ഉൾപ്പെട്ടില്ല. ഹർ​ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ടി20 ടീമിൽ ഇല്ലാത്ത മുഹമ്മദ് ഷമിയും ഏകദിന ടീമിലേക്ക് തിരികെ വന്നു.

ശുഭ്മാൻ ​ഗിൽ, സൂര്യ കുമാർ, ശ്രേയ്യസ് അയ്യർ തുടങ്ങിയ പ്രമുഖരും ഇടം നേടിയിട്ടുണ്ട്. രണ്ട് ടീമുകളിലും റിഷഭ് പന്തിന് സ്ഥാനം നഷ്ടമായതാണ് ശ്രദ്ധേയമായ കാര്യം. ടെസ്റ്റിൽ മിന്നും ഫോം തുടരുമ്പോഴും ഏകദിനത്തിലും ടി20യിലും തിളങ്ങാനാകാത്തത് പന്തിനെതിരെ കടുത്ത വിമർശനം ഉയരുന്നതിന് കാരണമായിരുന്നു. ഏകദിന ടീമിൽ നിന്ന് മുതിർന്ന താരം ശിഖർ ധവാനും ഒഴിവാക്കപ്പെട്ടു.