മ്യാൻമർ റോഹിങ്ക്യകളെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

മ്യാൻമർ റോഹിങ്ക്യകളെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. റോഹിങ്ക്യകൾ തങ്ങളുടെ പൗരന്മാരാണെന്ന് മ്യാൻമർ നിഷേധിച്ചിട്ടില്ലെന്നും, പക്ഷെ തങ്ങളുടെ കുടിയിറക്കപ്പെട്ട പൗരന്മാരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് അവർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഷീന പറഞ്ഞു. മ്യാൻമർ തങ്ങളുടെ പൗരന്മാരെ അവരുടെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരേണ്ടിവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറും ചിലി മുൻ പ്രസിഡന്റുമായ മിഷേൽ ബാഷെലെറ്റ്, ബംഗ്ലാദേശിൽ അഭയം പ്രാപിച്ച റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചതായി അവർ പറഞ്ഞു. എന്നാൽ, 2017 മുതൽ റോഹിങ്ക്യൻ അഭയാർഥികൾക്ക് അഭയം നൽകുന്ന കോക്‌സ് ബസാറിൽ ഇത്തരം സംരംഭങ്ങൾ സാധ്യമാകില്ലെന്ന് ഹസീന പറഞ്ഞു. ഇതുവരെ 20,000-ത്തിലധികം റോഹിങ്ക്യകളെ മാറ്റിപ്പാർപ്പിച്ച ഭാസൻ ചാർ ദ്വീപിൽ അവർക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് യു.എൻ ഹൈക്കമ്മീഷണറെ ഹസീന അറിയിച്ചു. മിഷേൽ ബാഷെലെറ്റ് – ഹസീന കൂടിക്കാഴ്ചയിൽ റഷ്യ-യുക്രൈൻ യുദ്ധം, റോഹിങ്ക്യൻ പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, സ്ത്രീശാക്തീകരണം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയായി.

ആരാണ് റോഹിങ്ക്യകൾ?

മുമ്പ് ബർമ്മ എന്നറിയപ്പെട്ടിരുന്ന മ്യാൻമറിൽ നിന്നുള്ള ഒരു പരമ്പരാഗത വിഭാഗമാണ് റോഹിങ്ക്യകൾ. യുഎൻഎച്ച്സിആർ റോഹിങ്ക്യകളെ നിർബന്ധിതമായി കുടിയിറക്കപ്പെട്ടവരിൽ ഏറ്റവും ദുർബലരായ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി. പ്രാധാനമായി മുസ്ലീങ്ങളാണ് അവരിൽ അധികവും. മ്യാൻമർ തങ്ങളുടെ 1.4 ദശലക്ഷം റോഹിങ്ക്യകളിൽ 740,000 പേരെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ നിർബന്ധിച്ചു. ഇന്ത്യയിലേക്കും നിരവധി പേർ പലായനം ചെയ്‌തെത്തിയിരുന്നു.