ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം ബില്‍ റസ്സല്‍ ഇനി ഓർമ്മ

ടെക്‌സാസ്: അമേരിക്കൻ കായിക രംഗത്തെ ഇതിഹാസങ്ങളിൽ ഒരാളും മുൻനിര മനുഷ്യാവകാശ പോരാളിയുമായ ബിൽ റസ്സൽ (88) അന്തരിച്ചു. 11 എൻ.ബി.എ. കിരീടങ്ങളുടെ ഉടമയാണ് റസ്സൽ. ബാസ്ക്കറ്റ്ബോൾ ടീമായ ബോസ്റ്റൺ കെൽറ്റിക്കിനായി കളിച്ച ബിൽ റസ്സൽ 1956 നും 1969 നും ഇടയിൽ നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷന്‍റെ (എൻബിഎ) 11 കിരീടങ്ങൾ നേടി.

13 വർഷത്തെ എൻ.ബി.എ. കരിയറിനിടെയാണ് ഇത്രയും കിരീടങ്ങൾ. തുടർച്ചയായി എട്ട് വർഷം കിരീടം നേടി. അഞ്ച് തവണ ടൂർണമെന്‍റിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനായിരുന്നു അദ്ദേഹം. 1956-ലെ മെൽബൺ ഒളിമ്പിക്സിൽ കിരീടം നേടിയ അമേരിക്കൻ ദേശീയ ബാസ്കറ്റ്ബോൾ ടീമിന്‍റെ ക്യാപ്റ്റനായി.

പ്രൊഫഷണൽ ബാസ്കറ്റ്ബോളിൽ നിന്ന് വിരമിച്ച ശേഷം, ബോസ്റ്റൺ കെൽറ്റിക്, സിയാറ്റിൽ സൂപ്പർസോണിക്സ്, സാക്രമെന്‍റോ കിംഗ്സ് എന്നീ ടീമുകളിൽ പരിശീലകനായി.