ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍. റാണ അയ്യൂബ് തന്നെയാണ് ഇതു സംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടത്. ട്വിറ്റര്‍ പങ്കുവെച്ച ഇ-മെയില്‍ സഹിതമായിരുന്നു റാണയുടെ പോസ്റ്റ്. ട്വിറ്ററിന്റെ ഔദ്യോഗിക അക്കൗണ്ടിനെ ടാഗ് ചെയതുകൊണ്ടായിരുന്നു റാണയുടെ പോസ്റ്റ്.
എന്താണ് ഇ-മെയില്‍ കൊണ്ട് ട്വിറ്റര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും റാണ ആവശ്യപ്പെട്ടു.
‘ഇന്ത്യയിലെ പ്രാദേശിക നിയമങ്ങള്‍ക്ക് കീഴിലുള്ള ട്വിറ്ററിന്റെ ബാധ്യതകള്‍ പാലിക്കുന്നതിനായി, 2000-ലെ രാജ്യത്തിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് പ്രകാരം ഞങ്ങള്‍ ഇനിപ്പറയുന്ന അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവച്ചിരിക്കുന്നു: ഉള്ളടക്കം ലഭ്യമായിരിക്കും,’ ട്വിറ്റര്‍ മെയിലില്‍ വ്യക്തമാക്കുന്നു.
ട്വിറ്റര്‍ ഉപയോക്താക്കളെ സംരക്ഷിക്കണമെന്ന് ട്വിറ്റര്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും അതിനാല്‍ സര്‍ക്കാരില്‍ നിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ട്വിറ്റര്‍ അക്കൗണ്ട് സംബന്ധിച്ചോ ഉള്ളടക്കം സംബന്ധിച്ചോ നോട്ടീസ് ലഭിച്ചാല്‍ അത് ഉപയോക്താവിനെ അറിയിക്കേണ്ടതുണ്ടെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
റാണ അയ്യൂബിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി ഭീകരമാണെന്നും അടുത്തത് ആരാണെന്ന് നോക്കിയാല്‍ മതിയെന്നും ടെന്നിസ് താരം മാര്‍ട്ടിന നവരതിലോവ പ്രതികരിച്ചു.
ട്വിറ്ററിന്റെ നിലവിലെ ഇ-മെയില്‍ ബഗ് ആകാമെന്നും അല്ലെങ്കില്‍ മുന്‍പ് നടന്ന സംഭവങ്ങള്‍ക്കെതിരെ വൈകി വന്ന നടപടിയാകാമെന്നും പ്രസാര്‍ ഭാരതി മുന്‍ സി.ഇ.ഒ ശശി ശേഖര്‍ വെമ്പട്ടി ട്വിറ്ററില്‍ കുറിച്ചു. തനിക്ക് ലഭിച്ച സമാനമായ ഇ-മെയിലും അദ്ദേഹം പങ്കുവെച്ചിരുന്നു.