ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരെയും എല്‍.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റുകളെയുമാണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഐകോണിക്ക് ലാന്‍ഡ്മാര്‍ക്ക് ആയ തക്സിം സ്ക്വയറിന് സമീപം ഒത്തുകൂടിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് മുന്നില്‍ക്കണ്ട് പൊലീസ് നേരത്തെ തന്നെ പ്രദേശത്ത് എത്തിയിരുന്നു. പ്രൈഡ് മാര്‍ച്ച് ആരംഭിച്ചതിന് പിന്നാലെ തന്നെ പൊലീസ് ഇതില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുകയും ബസില്‍ ഇവരെ കസ്റ്റഡിയില്‍ വെക്കുകയുമായിരുന്നു.
അറസ്റ്റ് ചെയ്തവരില്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ബുലെന്ട് കിലികും ഉള്‍പ്പെടുന്നുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത നൂറുകണക്കിന് പേര് പൊലീസ് സാന്നിധ്യത്തിലും മഴവില്‍ നിറങ്ങളിലുള്ള ഫ്ളാഗുകളേന്തി പ്രതിഷേധിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.