ഒരിടവേളക്ക് ശേഷം വീണ്ടും പിരിച്ചുവിടൽ നടപടിയുമായി ട്വിറ്റർ, കൂടുതൽ വിവരങ്ങൾ അറിയാം

ഒരിടവേളക്കുശേഷം ട്വിറ്ററിൽ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ച് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ പോളിസി ടീമിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. ട്വിറ്ററിനെ ഇലോൺ മസ്ക് ഏറ്റെടുത്തതിനു ശേഷം നിരവധി ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പകുതിയിലധികം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്.

സ്വകാര്യത, ഓൺലൈൻ സുരക്ഷ എന്നിങ്ങനെയുളള സുപ്രധാന മേഖലകളിലെ വിഷയങ്ങൾ നിയമ നിർമ്മാതാക്കളുമായും, സിവിൽ സമൂഹവുമായും സംവദിക്കുന്ന ഉത്തരവാദിത്തപ്പെട്ട ജീവനക്കാരാണ് പോളിസി ടീമിൽ ഉൾപ്പെടുന്നത്. അതേസമയം, പോളിസി ടീമിൽ നിന്നും എത്ര അംഗങ്ങളെ പിരിച്ചുവിട്ടു എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നതിന് മുൻപ് 7,500 ജീവനക്കാരാണ് ട്വിറ്ററിൽ ജോലി ചെയ്തിരുന്നത്. നിലവിൽ, ട്വിറ്റർ ജീവനക്കാരുടെ എണ്ണം 2,000 മാത്രമാണ്. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെയാണ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്ന നടപടിയിലേക്ക് ട്വിറ്റർ നീങ്ങിയത്.