കോഹ്ലിയുടെ റെക്കോഡ് തകര്‍ക്കാന്‍ നടന്നാല്‍ മാത്രം പോര ബാബറേ, ഇടയ്ക്ക് ക്രിക്കറ്റ് നിയമങ്ങളെ കുറിച്ച് അറിയുകയും വേണം; ഭൂലോക മണ്ടത്തരം കാണിച്ച് ബാബര്‍ അസം
പാകിസ്ഥാന് – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ കരീബിയന്‍ കരുത്തന്മാരെ രണ്ടാം മത്സരത്തിലും ആധികാരികമായി തോല്പിച്ച് പാകിസ്ഥാന് പരമ്പര നേടിയിരുന്നു. പാക് നായകന് ബാബര്‍ അസമിന്റെ പോരാട്ട മികവിലാണ് പാകിസ്ഥാന് അനായാസ ജയം സ്വന്തമാക്കിയത്.
ബാറ്റിംഗ് മികവ് തുടരുന്ന ബാബര്‍ അസം ക്രിക്കറ്റിലെ പല റെക്കോഡുകളും തന്റെ പേരില്‍ എഴുതിച്ചേര്‍ക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ പല റെക്കോഡും ഇപ്പോള്‍ ബാബറിന്റെ പേരിലാണ്.
ഫാബ് ഫോറിലടക്കം ഉള്‍പ്പെടാന്‍ സാധ്യത കല്പിക്കുന്ന, ഭാവിയില്‍ മിയാന്‍ദാദിനെയും വഖാര്‍ യൂനിസിനെയും പോലെ പാകിസ്ഥാന് ഒന്നടങ്കം വാഴ്ത്തിപ്പാടാന് പോകുന്ന ബാബര്‍ അസം ചെയ്ത വലിയൊരു മണ്ടത്തരമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച.
ക്രിക്കറ്റില്‍ ഒരിക്കല്‍ പോലും ചെയ്യാന്‍ പാടില്ലാത്ത, അടിസ്ഥാനമായ നിയമം തെറ്റിച്ചതാണ് ബാബറിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ബാബറിന്റെ മണ്ടത്തരം കാരണം വിന്‍ഡീസിന് നേട്ടമുണ്ടായതോടെ വിമര്‍ശനം കടുക്കുകയും ചെയ്തിരുന്നു.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 275 റണ്‍സായിരുന്നു സ്വന്തമാക്കിയത്. പാകിസ്ഥാന് ഉയര്‍ത്തിയ 276 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ വിന്‍ഡീസ് ഇന്നിംഗ്സിലെ 29ാം ഓവറിലാണ് ബാബര്‍ ഈ മണ്ടത്തരം കാണിച്ചതും അമ്പയര്‍ വിളിച്ച് താക്കീത് നല്കിയതും.
കീപ്പിംഗ് ഗ്ലൗസ് കൈയിലണിയുകയും അതുപയോഗിച്ച് ഫീല്‍ഡ് ചെയ്യുകയും ചെയ്തതാണ് ബാബറിന് വിനയായത്. ഇക്കാരണം കൊണ്ടുതന്നെ വിന്‍ഡീസിന് അഞ്ച് റണ്‍സ് പെനാല്‍ട്ടി അനുവദിക്കുകും ചെയ്തിരുന്നു.
വിക്കറ്റ് കീപ്പര്‍ക്ക് മാത്രമാണ് കീപ്പിംഗ് ഗ്ലൗസ് ധരിക്കാന്‍ അനുവാദമുള്ളത്. ഈ നിയമം ലംഘിച്ചതിനാണ് വിന്‍ഡീസിന് അഞ്ച് റണ്‍സ് അധികമായി നല്‍കിയത്.എന്നാല്‍ വിന്‍ഡീസിനെ തോല്‍വിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ ആ അഞ്ച് റണ്‍സിനും സാധ്യമായിരുന്നില്ല. 120 റണ്‍സിനാണ് വിന്‍ഡീസ് മത്സരവും പരമ്പരയും പാകിസ്ഥാന് മുന്നില്‍ അടിയറവ് വെച്ചത്.