കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പേരാവൂർ നെടുംപുറംചാലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. രണ്ടര വയസുകാരിയെ ഇന്നലെയാണ് കാണാതായത്. പേരാവൂർ മേലേവെളളറ കോളനിയിൽ വീട് തകർന്ന് കാണാതായയാൾക്കായി തിരച്ചിൽ തുടരുകയാണ്.

കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടമുണ്ടായി. പേരാവൂരിൽ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പേരാവൂർ നെടുംപൊയിലിൽ വനത്തിനുള്ളിലാണ് ഉരുൾപൊട്ടലുണ്ടായത്. കണിച്ചാർ, പൂളക്കുറ്റി എന്നിവിടങ്ങളിലാണ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെടുംപൊയിലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. നെടുംപൊയിൽ ടൗണിൽ വെള്ളം കയറി. ചുരത്തിലൂടെയുള്ള വാഹന ഗതാഗതം താറുമാറായി.

വയനാട് അതിർത്തിയോട് ചേർന്നുള്ള കണ്ണൂരിലെ മലയോര മേഖലയിലാണ് കനത്ത മഴ പെയ്തത്. കാഞ്ഞിരപ്പുഴ, നെല്ലാനിക്കൽ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. നാല് കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.