ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെള്ളമില്ലെന്ന് പരാതി. ആശുപത്രിയിലെ കിടത്തി ചികിത്സാ വിഭാഗത്തിലുള്ള രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തിൽ ആണ്. ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ട് ദിവസങ്ങളായെങ്കിലും യാതൊരു നടപടിയും ആയിട്ടില്ല. നിലവിൽ രാവിലെയും വൈകുന്നേരവും രാത്രിയും വെള്ളത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
വെള്ളം എത്തിയാൽ തന്നെ ലഭിക്കാനായി മത്സരിക്കേണ്ട അവസ്ഥയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് ബുദ്ധിമുട്ട് ഏറെയും. പകർച്ചപ്പനിയും, വയറിളക്കവും, ചർദ്ദിയും, ഡങ്കിപ്പനിയും ഉൾപ്പെടെയുള്ള രോഗികളാണ് കിടത്തി ചികിത്സാ വിഭാഗത്തിലുള്ളത്.
അതേസമയം, പഴശി അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്ന കിണറിലെ ജലനിരപ്പ് താഴ്ന്നതാണ് വെള്ളം മുടങ്ങാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.