‘മുസ്ലീമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം, ഹിന്ദു അമ്പലത്തിൽ പോയാലോ ചന്ദനം തൊട്ടാലോ ഹിന്ദുത്വവാദിയാകുന്നത് ശരിയല്ല’

തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണമെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അമ്പലത്തില്‍ പോവുകയും, ചന്ദനക്കുറിയിടുകയും ചെയ്യുന്ന ഹിന്ദുമത വിശ്വാസിയെ മൃദു ഹിന്ദുത്വ വാദിയായി മുദ്രകുത്തുന്നത് അപകടമാണെന്നും അത് ബിജെപിക്ക് മാത്രമേ സഹായകരമാവുകയുളളുവെന്നും എകെ ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘മുസ്ലീമിനും ക്രിസ്ത്യാനിക്കും പളളിയില്‍ പോകാം. ഹിന്ദു അമ്പലത്തില്‍ പോയാലോ ചന്ദനം തൊട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് ശരിയല്ല. ഇത്തരം പ്രചാരണങ്ങള്‍ മോദിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാന്‍ മാത്രമേ സഹായിക്കൂ.2024 ല്‍ മോദിയെ താഴെ ഇറക്കാന്‍ എല്ലാ മത വിഭാഗങ്ങളും ഒന്നിച്ച് നില്‍ക്കുകയാണ് വേണ്ടത്. പള്ളിയില്‍ പോകാനുള്ള പോലെ തന്നെ ഭൂരിപക്ഷ മത വിഭാഗത്തിന് അമ്പലത്തില്‍ പോകാനും അവകാശമുണ്ട്,’ എകെ ആന്റണി പറഞ്ഞു.