കോവിഡ് പ്രോട്ടോക്കോളുകള്‍ കർശനമായി പാലിക്കുക: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

ഡൽഹി: കോവിഡിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. തുടര്‍ച്ചയായ മൂന്നാം ദിവസവും, കേന്ദ്രമന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് മന്‍സുഖ് മാണ്ഡവ്യ ചര്‍ച്ച ചെയ്തു.

പുതുവത്സര ആഘോഷങ്ങളും വരാനിരിക്കുന്ന ഉത്സവങ്ങളും കണക്കിലെടുത്ത് ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്, വാക്‌സിനേഷന്‍’ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.ഒപ്പം, മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശം നൽകി.

കേന്ദ്രവും സംസ്ഥാനങ്ങളും കഴിഞ്ഞ കോവിഡ് കാലത്ത് ചെയ്തതുപോലെ സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കാനും കോവിഡ് 19 മാനേജ്‌മെന്റിനായി പൂര്‍ണ്ണമായി തയ്യാറെടുക്കാനും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്‍ഫ്ലുവന്‍സ പോലുള്ള അസുഖങ്ങളും നിശിത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ജില്ല തിരിച്ച് നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.