മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍

കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന്  ക്ഷണമില്ലാത്തതില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രിസ്മസ് വിരുന്നിന്  ക്ഷണമില്ലാത്തതില്‍ തനിക്ക് പരിഭവമില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്. മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു.

സ‍ര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്.  ഗവ‍‍‍ര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്. നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.

ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.