ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 59 പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും

തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 59 പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ബേപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായ പി.ആര്‍.സുനുവിനെ പിരിച്ചു വിടാനുള്ള റിപ്പോര്‍ട്ടിലാണ് 58 പേരെ കൂടി പിരിച്ചു വിടേണ്ടി വരുമെന്ന് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിനെ അറിയിച്ചത്. ഈ റിപ്പോര്‍ട്ടിന് നിയമസെക്രട്ടറി ഹരി നായര്‍ വ്യവസ്ഥകളോടെ അംഗീകാരം നല്‍കിക്കഴിഞ്ഞു.

ജീവപര്യന്തം തടവോ പത്ത് വര്‍ഷം വരെ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ഏഴ് വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത ഉദ്യോഗസ്ഥരെ താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ നടപടി സ്വീകരിക്കൂ.

നിലവില്‍ സസ്പെന്‍ഷനിലുള്ള പി.ആര്‍.സുനുവിനെ ആയിരിക്കും ആദ്യം പിരിച്ചു വിടുന്നത്. ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 828 പേരാണ് നിലവില്‍ സംസ്ഥാനത്തെ പോലീസ് സേനയിലുള്ളത്.