100 അടി താഴ്ചയുള്ള നിഗൂഢ ഭീമന്‍ ഗര്‍ത്തം രൂപപ്പെട്ടു, ഭൂമിയില്‍ വിള്ളല്‍ ഉണ്ടായതോടെ പ്രദേത്ത് നിന്നുള്ളവരെ ഒഴിപ്പിച്ചു

മോസ്‌കോ: 100 അടി താഴ്ചയുള്ള ഭീമന്‍ ഗര്‍ത്തം റഷ്യയില്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യയിലെ പോപ്പുലര്‍ സ്‌കൈ റിസോര്‍ട്ടിന് സമീപം രൂപപ്പെട്ട 100 അടി താഴ്ചയുള്ള നിഗൂഢ ഗര്‍ത്തത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. റഷ്യയിലെ ഷെരെഗേഷ് ഖനിയ്ക്ക് സമീപമാണ് സംഭവം. കാഴ്ചയില്‍ അത്യധികം ഭീകരത തോന്നുന്ന ഗര്‍ത്തത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

റഷ്യയിലെ സിബേരിയയിലാണ് ഗര്‍ത്തം രൂപപ്പെട്ട ഖനി പ്രദേശമുള്ളത്. പെട്ടെന്നൊരു ദിവസം ഭൂമി പിളര്‍ന്നു പോകുകയായിരുന്നു. എന്നാല്‍ ഇത്തരമൊരു അപകടം സംഭവിക്കുമെന്ന സൂചന നേരത്തെ ലഭിച്ചിരുന്നതിനാല്‍ റിസോര്‍ട്ടിലുള്ളവരെയും സമീപത്തെ വീടുകളില്‍ താമസിക്കുന്നവരെയും മാറ്റി പാര്‍പ്പിച്ചിരുന്നു. സ്റ്റീല്‍ നിര്‍മ്മാതാക്കളായ എവ്റാസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് ഖനിയുള്ളത്.

ഭീമന്‍ ഗര്‍ത്തം ഭാവിയില്‍ നികത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഗര്‍ത്തം രൂപപ്പെട്ടതിനാല്‍ ഖനിയിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.