എഎപി ഇല്ലായിരുന്നെങ്കിൽ ഗുജറാത്തിൽ ബിജെപി ജയിക്കില്ലായിരുന്നു: രാഹുൽ ഗാന്ധി

ജയ്‌പൂർ: ആം ആദ്‌മി പാർട്ടി ഇല്ലായിരുന്നെങ്കിൽ അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി വിജയിക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര നൂറാം ദിവസം പൂർത്തിയാക്കിയ വേളയിൽ ജയ്‌പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

‘ബിജെപി മുഴുവൻ സംഘടനാ ശേഷിയും ഉപയോഗിച്ചെങ്കിലും ഞങ്ങൾ ഹിമാചലിൽ അവരെ തോൽപിച്ചു സത്യം പറഞ്ഞാൽ, ഗുജറാത്തിൽ ആം ആദ്‌മി പാർട്ടിയെ പകരക്കാരായി ഉയർത്തിക്കാട്ടുകയും, കോൺഗ്രസ് പാർട്ടിയെ ലക്ഷ്യമിടാൻ അത് ഉപയോഗിക്കുകയും ചെയ്‌തില്ലായിരുന്നുവെങ്കിൽ ഞങ്ങൾ അവിടെയും ബിജെപിയെ തോൽപ്പിക്കുമായിരുന്നു,’ രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസ് എന്താണെന്നും, എന്തിന് വേണ്ടിയാണു നിലകൊള്ളുന്നതെന്നും സ്വയം മനസിലാക്കുന്നുവോ, അന്ന് മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടി വിജയിക്കുമെന്നും രാഹുൽ പറഞ്ഞു.