തവാങ്ങ് സംഘർഷം: രാഹുല്‍ ഗാന്ധി സൈന്യത്തെ അപമാനിച്ചു, രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതായി കിരണ്‍ റിജിജു

തവാങ്ങ്: ഇന്ത്യ-ചൈന അതിർത്തിയിൽ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര നിയമ-നീതി വകുപ്പ് മന്ത്രി കിരണ്‍ റിജിജു. ‘രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്നു. അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ വലിയ നാണക്കേടായി മാറിയിരിക്കുന്നു. നമ്മുടെ സായുധ സേനയെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നു’, റിജിജു ട്വിറ്ററിൽ വ്യക്തമാക്കി.

ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ യാങ്സെയിൽ കേന്ദ്ര നിയമ-നീതി വകുപ്പ് മന്ത്രി കിരണ്‍ റിജിജു സന്ദര്‍ശനത്തിനെത്തിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിലെ ധീരരായ ജവാന്മാരെ വേണ്ടത്ര വിന്യസിച്ചതിനാല്‍ യാങ്സെ ഇപ്പോള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. കരസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ചിത്രവും കിരണ്‍ റിജിജു ട്വിറ്ററില്‍ പങ്കുവച്ചു.

തവാങ്ങ് സംഘര്‍ഷത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ചില പ്രദേശവാസികള്‍ സംസാരിക്കുന്നതിന്റെ വീഡിയോ കിരണ്‍ റിജിജു ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ, ഇന്ത്യ-ചൈന അതിർത്തിയിൽ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു. ചൈന യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും ഭീഷണി അവഗണിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.