ആസ് കശ്മീർ പരാമർശത്തിനെതിരെ : മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തിനു കെ.ടി.ജലീല്‍ എംഎല്‍എയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അഡീഷനല്‍ മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജലീലിനെതിരെ കേരളത്തില്‍ കേസ് നിലവിലുണ്ടെന്നും കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും വ്യക്തമാക്കി തുഗ്ലക് റോഡ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തന്റെ വാദം കേട്ട ശേഷമേ നടപടി സ്വീകരിക്കാവൂ എന്നു ജലീല്‍ കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പരാതിക്കാരന്‍ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. വിശദമായ വാദം കേട്ട ശേഷമാണ് ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് റോസ് അവന്യൂ കോടതി, തിലക് മാര്‍ഗ് പൊലീസിന് നിര്‍ദേശം നല്‍കിയത്. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കിയിരുന്നു.

ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നതായിരുന്നു പരാതിക്കാരന്റെ ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഡല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജി.എസ്.മണി കോടതിയെ സമീപിച്ചത്.

കശ്മീര്‍ സന്ദര്‍ശിച്ച ശേഷം ജലീല്‍ ഇട്ട ഫെയ്സ്ബുക്ക് കുറിപ്പിലെ ‘ഇന്ത്യഅധീന കശ്മീര്‍’, ‘ആസാദ് കാശ്മീര്‍’ തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്.