‘പതിയെ രാജിയിലേക്ക് കടക്കും’: മാർപാപ്പ

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ പതുക്കെ രാജിയിലേക്ക് കടക്കുമെന്ന സൂചന നൽകി. നിലവിൽ രാജിവെക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്നും എന്നാൽ മാർപാപ്പ രാജിവയ്ക്കുന്നതിൽ തെറ്റില്ലെന്നും 85 കാരനായ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

കാൽമുട്ട് വേദന കാരണം മുമ്പത്തെപ്പോലെ സുഗമമായി യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നും അതിനാൽ അൽപ്പം വിശ്രമിച്ച് പതിയെ രാജിയിലേക്ക് പോകുമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. തന്‍റെ പ്രായവും ശാരീരികാവസ്ഥയും കണക്കിലെടുക്കുമ്പോൾ, സഭയെ സേവിക്കാൻ കുറച്ച് ഊർജ്ജം ചെലവഴിക്കണമെന്നും രാജിവയ്ക്കാനുള്ള സാധ്യതകളെക്കുറിച്ച് ചിന്തിക്കണമെന്നും മാർപാപ്പ പറയുന്നു.

മാർപ്പാപ്പയുടെ കാനഡയിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. എഴുന്നേറ്റ് കസേരയിൽ ഇരിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നിട്ടും, കാനഡയിലെ ക്രിസ്ത്യൻ സഭ നടത്തുന്ന സ്കൂളുകളിൽ വംശീയ അധിക്ഷേപം നേരിട്ടവരോട് മാപ്പ് പറയാൻ മാർപ്പാപ്പ നേരിട്ട് നുനവുട്ടിൽ എത്തിയിരുന്നു.