ബി.ജെ.പി തെറ്റ് ചെയ്യും, ജനങ്ങള്‍ കഷ്ടപ്പെടും: പ്രവാചക നിന്ദ വെടിവെപ്പില്‍ വിമര്‍ശനവുമായി മമത ബാനര്‍ജി
ന്യൂദല്‍ഹി: ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഒരു കലാപവും വെച്ചുപൊറുപ്പിക്കില്ലെന്നും ബി.ജെ.പി തെറ്റ് ചെയ്യുമ്പോള്‍ ജനങ്ങളാണ് കഷ്ടപ്പെടുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങള്‍ ഹൗറയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ വലിയ രീതിയില്‍ ബാധിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികളാണ് ഇത്തരം കലാപങ്ങള്‍ക്ക് പിന്നില്‍, അവര്‍ പ്രകോപനം ഉണ്ടാക്കുന്നു,’ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.
ജൂണ്‍ 11 ശനിയാഴ്ചയാണ് ഹൗറയിലെ പഞ്ച്ല ബസാറിലാണ് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം നടന്നതിന് പിന്നാലെ നഗരത്തിലെ തെരുവുകളിലെ കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു.പ്രതിഷേധത്തില്‍ പങ്കെടുത്ത സഫര്‍ ഹയാത്ത് ഹാഷ്മി എന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകന്റെ വീടാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയത്.
അനധികൃത നിര്‍മാണം എന്ന് ആരോപിച്ചാണ് വീട് തകര്‍ത്തത്. കാണ്‍പൂരിനെ കൂടാതെ പ്രതിഷേധം നടന്ന പ്രയാഗ് രാജിലും ബുള്‍ഡോസറുകളുമായി അധികൃതര്‍ എത്തിയിട്ടുണ്ട്. കൂടാതെ റാഞ്ചിയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിക്കുകയും ചെയ്തു.
റാഞ്ചി മെയിന്‍ റോഡില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് മുസ്ലിങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ റാഞ്ചിയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 12 പൊലീസുകാര്‍ക്കും പരിക്കേറ്റു.