ചന്ദ്രികയ്ക്കായി സംസാരിക്കുന്നുണ്ടെങ്കില്‍, ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവിടെയാണു ലീഗിന്റെ ഇടം’: കെ.എം. ഷാജി
കോഴിക്കോട്: ചന്ദ്രിക ആഴ്ചപ്പതിപ്പ് നിര്‍ത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും സജീവമായിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജി.
ചന്ദ്രികയ്ക്ക് ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും ഒക്കെ പല തരത്തിലുള്ള ചര്‍ച്ചകളുമായി വരുന്നുണ്ട്. ചന്ദ്രികയ്ക്കായി സംസാരിക്കുന്നുണ്ടെങ്കില്‍ ആശങ്ക പ്രകടിപ്പിക്കുന്നുവെങ്കില്‍ അവിടെയാണു ലീഗിന്റെ ഇടമെന്നും അദ്ദഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘ചന്ദ്രികയുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും പുറത്ത് ചര്‍ച്ചയാണല്ലൊ.
അതിലെനിക്കിഷ്ടം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കു എടുക്കാനാണ്.
നല്ല വായനയും തെളിഞ്ഞ ധാരണയുമുള്ള വ്യക്തിയാണ് തങ്ങള്‍ എന്ന് യൂത്ത് ലീഗിലും ഇപ്പോള്‍ ലീഗിലും അദ്ദേഹത്തിനു കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എനിക്ക് തികച്ചും ബോധ്യമുണ്ട്.
ചന്ദ്രികക്ക് ഒരു പ്രയാസം എന്ന് കേട്ടപ്പോള്‍ നമുക്കിഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും ഒക്കെ പലതരത്തില്‍ പ്രതികരിക്കാന്‍ വരുന്നുണ്ട്.വരട്ടെ.വരികയും വേണം.കാരണം ഇതൊരു സമൂഹത്തിന്റെയും സമുദായത്തിന്റെയും ശബ്ദമാണ്.. അശരണരായി കിടക്കുമ്പോള്‍ ഇതവരുടെ ശബ്ദമായിരുന്നു.അവര്‍ക്കു വേണമെങ്കിലും വേണ്ടെങ്കിലും അവര്‍ക്കു വേണ്ടി സംസാരിക്കാനാണു മഹാരധന്മാരായ നേതാക്കള്‍ ഇതുണ്ടാക്കിയത്.
ചന്ദ്രികക്കായി സംസാരിക്കുന്നവര്‍, ആഗ്രഹിക്കുന്നവര്‍, ലീഗിന്റെ മെമ്പര്‍ഷിപ്പ് എടുക്കണമെന്നും ചന്ദ്രിക വരിക്കാരാവണം എന്നൊന്നും പറയരുത്.
അവര്‍ ആകുലപ്പെടുന്നുവെങ്കില്‍ ആശങ്ക പ്രകടിപ്പിക്കുന്നുവെങ്കില്‍ അവിടെയാണു ലീഗിന്റെ ഇടം..
ശത്രുവാണെന്നു പുറം കാഴ്ച ആടുമ്പോഴും അവരിലും ലീഗൊരു ഇടം ഉണ്ടാക്കിയിട്ടുണ്ടെന്നു തിരിച്ചറിയുകയാണു വേണ്ടത്.
അതുകൊണ്ട് അവരും പറയട്ടെ ചോദിക്കട്ടെ അതിനവര്‍ക്കു അവകാശമുണ്ട് നമ്മുടെ നേതാക്കള്‍ പണിഞ്ഞതും പഠിപ്പിച്ചതും അതു തന്നെയാണ്.’