News Nineteen
To be known...To be said

കപ്പൽജോലിക്കിടെ കാണാതായ മകന്റെ വിവരങ്ങൾക്കായി കാതോർത്ത് കുടുംബം…

0

ആറ്റിങ്ങൽ : ‘ജോലിചെയ്തിരുന്ന കപ്പലിൽനിന്നു മകനെ കാണുന്നില്ലെന്നറിഞ്ഞിട്ട് 44 ദിവസമായി. ഈ ദിവസങ്ങളത്രയും ഞങ്ങൾ അവന്റെ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്…ഭക്ഷണമില്ല ഉറക്കമില്ല.ഓരോ ഫോൺ കാൾ വരുമ്പോഴും അതവനായിരിക്കും, അല്ലെങ്കിൽ അവനെക്കുറിച്ചുള്ള വിവരങ്ങളായിരിക്കുമെന്ന പ്രതീക്ഷയാണ്. അവന്റെ വിവരങ്ങൾ തേടി ഞങ്ങൾ മുട്ടാത്ത വാതിലുകളില്ല.ഒരിടത്തുനിന്നും പ്രതീക്ഷയുടെയോ ആശ്വാസത്തിന്റെയോ ഒരു കണികപോലും ഞങ്ങളെത്തേടിയെത്തിയിട്ടില്ല. അവൻ ജീവനോെടയുണ്ടോ ഇല്ലയോ എന്നെങ്കിലും അറിയാൻ കഴിയുമോ?….എവിടെ അന്വേഷിച്ചാലാണ് അതറിയാനാവുക. അവന്റെ വരവും കാത്ത് രാവിലെ മുതൽ പാതിരാ വരെ ഈ വരാന്തയിൽ കാത്തിരിപ്പാണ് ഞാൻ’- ടുണീഷ്യയിൽ കപ്പലിൽനിന്നു കാണാതായ അർജ്ജുൻ രവീന്ദ്രന്റെ വാക്കുകളാനിവ.ആറ്റിങ്ങൽ മാമം പൂരം വീട്ടിൽ രവീന്ദ്രൻ-ഭാമ ദമ്പതിമാരുടെ ഇളയ മകനാണ് കാണാതായ അർജ്ജുൻ. മുംെബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പനിയിൽ ജോലി   ലഭിച്ചതിനെത്തുടർന്ന് മാർച്ച് അഞ്ചിനാണ് അർജ്ജുൻ വീട്ടിൽനിന്നു പോയത്. മാർച്ച് 17-ന് മുംബെയിൽനിന്ന്‌ തുർക്കിയിലേക്കു പോയി കപ്പലിൽ ജോലിക്കു കയറി. തുടർന്ന് ഒന്നും രണ്ടും ദിവസം കൂടുമ്പോൾ വീട്ടിലേക്കു വിളിക്കുമായിരുന്നു.ആദ്യമൊക്കെ സന്തോഷത്തോടെ വർത്തമാനം പറഞ്ഞിരുന്ന അർജ്ജുന്റെ ശബ്ദത്തിൽ പിന്നെപ്പിന്നെ പതർച്ചയുണ്ടാകുന്നത് അച്ഛനമ്മമാർ കേട്ടു.കാരണം തിരക്കിയപ്പോൾ, കപ്പലിലെ ബോസ് എപ്പോഴും വഴക്കാണെന്നും ഉപദ്രവിക്കുമെന്നും പറഞ്ഞു..സാരമില്ലെന്നും മുന്നോട്ടുപോകാമെന്നുമായിരുന്നു അർജ്ജുന്റെ അഭിപ്രായം.ഏപ്രിൽ 20-നാണ് അർജ്ജുൻ അവസാനമായി അച്ഛനെ വിളിച്ചത്. കപ്പൽ ടുണീഷ്യയിലെ പോർട്ടിന്റെ പുറങ്കടലിലാണെന്നും പോർട്ടിലേക്കു പ്രവേശിക്കാനുള്ള അനുമതിക്കായി കാത്തുകിടക്കുകയാണെന്നുമായിരുന്നു പറഞ്ഞത്.മൊബൈൽ റേഞ്ച്‌ കുറവായതിനാൽ, പോർട്ടിലെത്തിയ ശേഷം വിളിക്കാമെന്നും പറഞ്ഞു. പിന്നീട് അർജ്ജുനെ കപ്പലിൽനിന്നു കാണാതായെന്നു പറഞ്ഞുകൊണ്ട് ഏപ്രിൽ 27-ന്   കമ്പനിയിൽനിന്നുള്ള അറിയിപ്പാണ് രവീന്ദ്രനെ തേടിയെത്തിയത്.അർജ്ജുൻ കപ്പലിൽനിന്ന് ലൈഫ് ജാക്കറ്റുമായി കടലിൽച്ചാടി രക്ഷപ്പെട്ടുവെന്നു പറഞ്ഞ് 28-നും കമ്പനിയിൽനിന്നു വിളിച്ചിരുന്നു. പിന്നീട് അർജ്ജുനെക്കുറിച്ച് ഒരു വിവരവുമില്ല. പിന്നീട് അർജ്ജുന്റെ വിവരങ്ങൾ തേടിയുള്ള ഓട്ടത്തിലാണീ അച്ഛൻ.മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഷിപ്പിങ് മന്ത്രാലയം, അടൂർ പ്രകാശ് എം.പി., ശശി തരൂർ എം.പി., ഒ.എസ്.അംബിക എം.എൽ.എ., പ്രതിപക്ഷ നേനേതാവ് വി.ഡി.സതീശൻ എന്നിവർക്കെല്ലാം പരാതികൾ നൽകി. ഒ.എസ്.അംബിക എം.എൽ.എ., അടൂർ പ്രകാശ് എം.പി. എന്നിവർ വീട് സന്ദർശിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.മറ്റൊരു കേന്ദ്രത്തിൽനിന്നും ഒരു അറിയിപ്പോ അന്വേഷണമോ ഇന്നുവരെ ഉണ്ടായിട്ടില്ല. ഹൈക്കോടതിയിലും ഹർജി നൽകി. മേയ് 13-ന് ടുണീഷ്യൻ കടലിൽനിന്ന് ഒരു മൃതശരീരം ലഭിച്ചുവെന്നും അത് അർജ്ജുന്റേതാണോയെന്നു തിരിച്ചറിയാൻ അമ്മയുടെ ഡി.എൻ.എ. പരിശോധനാഫലം വേണമെന്നും എംബസിയിൽനിന്ന്‌ അറിയിച്ചു.തുടർന്ന് അമ്മയുടെ ഡി.എൻ.എ. പ്രൊഫൈൽ മേയ് 21-ന് അയച്ചുകൊടുത്തു. തുടർന്ന് പലവട്ടം അന്വേഷണം നടത്തിയെങ്കിലും ഒരുവിവരവും കിട്ടിയിട്ടില്ല.പരിശോധനാഫലം എന്താണെന്നു പോലും അറിയിച്ചിട്ടില്ല. ജോലിചെയ്തിരുന്ന കമ്പനി അധികൃതരും പ്രതികരിക്കുന്നില്ല.എന്റെ കുഞ്ഞിന്റെ വിവരങ്ങൾക്കായി ഞങ്ങളിനിയെന്താണ് ചെയ്യേണ്ടത്? ആരെങ്കിലും പറഞ്ഞുതരുമോ?’ കണ്ണീരോടെ രവീന്ദ്രൻ ചോദിക്കുന്നു…

Leave A Reply

Your email address will not be published.