സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും വാപ്പ കളി കാണാന്‍ പോയിട്ടില്ലെന്ന് കെ.ടി. ജലീല്‍; ആരായാലും പുറത്തുപോവില്ലെന്ന് പി.കെ. ഫിറോസ്
കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് തനിക്കെതിരെ ആരോപണമുന്നയിച്ച പശ്ചാത്തലത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റ് ശ്രദ്ധനേടുന്നു.
‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ,’ എന്നാണ് ജലീലിന്റെ പോസ്റ്റ്. തന്റെ ചിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു കെ.ടി. ജലീല്‍ ഇങ്ങനെ കുറിച്ചത്.ഇതിന് പിന്നാലെ ജലീലിന്റെ പോസ്റ്റിന് മറുപടിയുമായി പ്രതിപക്ഷത്തെ യുവ നേതാക്കളും രംഗത്തെത്തി. ‘വാപ്പാനെ കുറ്റം പറയാന്‍ പറ്റില്ല. സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒരുമിച്ച് വന്നാലും കോണ്‍സലേറ്റില്‍ നിന്ന് വീട്ടിലേക്ക് ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല,’ എന്നായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ മറുപടി.
വാപ്പാ പള്ളിയില്‍ പോയാല്‍ മതിയായിരുന്നു’ എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുതിയത്.
മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രന്, നളിനി നെറ്റോ, കെ.ടി. ജലീല്‍ എന്നിവര്‍ക്കുള്ള പങ്ക് കോടതിയില്‍ മൊഴിയായി നല്‍കിയെന്ന് സ്വപ്ന സുരേഷ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.സംശയകരമായ സാഹചര്യത്തില്‍ ബിരിയാണി ചെമ്പ് പാത്രം കോണ്‍സല്‍ ജനറല്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതില്‍ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.
സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. അസത്യങ്ങള്‍ വീണ്ടും പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രസ്താവനയിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.