പ്രധാനമന്ത്രി മുസ്ലിം രാജ്യങ്ങള്‍ പറയുന്നത് കേള്‍ക്കും, പക്ഷേ സ്വന്തം രാജ്യത്തെ മുസ്ലിങ്ങളെ കേള്‍ക്കില്ല’: പ്രവാചക നിന്ദയില്‍ ഒവൈസി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലിം രാജ്യങ്ങള്‍ പറയുന്നത് മുഖവിലയ്ക്ക് എടുക്കുമെന്നും എന്നാല്‍ സ്വന്തം രാജ്യത്തെ മുസ്ലിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കില്ലെന്നും എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി.
‘പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി.ജെ.പി വക്താവിനെതിരെ മുസ്ലിം രാജ്യങ്ങള്‍ ശബ്ദമുയര്‍ത്തിയപ്പോഴാണ് ബി.ജെ.പി നടപടിയെടുത്തത്. ഇതേ വിഷയത്തില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ പ്രതികരിച്ചപ്പോള്‍ ബി.ജെ.പി ഒരു നടപടിയും സ്വീകരിച്ചില്ല,’ ഒവൈസിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സ്വന്തം രാജ്യത്തെ മുസ്ലിം വിഭാഗത്തിന്റെ വാക്കുകള്‍ വിലകല്‍പ്പിക്കാത്ത പ്രധാനമന്ത്രിയുടെ നടപടികളില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. പക്ഷേ വിദേശ രാജ്യങ്ങളിലെ മുസ്ലിങ്ങള്‍ സമൂഹമാധ്യങ്ങളിലൂടെ രോഷം പ്രകടിപ്പിച്ചപ്പോള്‍ നടപടിയും സ്വീകരിച്ചു,’ ഒവൈസി കൂട്ടിച്ചേര്‍ത്തു.
നുപുര്‍ ശര്‍മയുടേയോ, നവീന്‍ കുമാറിന്റെയോ പേര് പരാമര്‍ശിക്കാതെയായിരുന്നു ഒവൈസിയുടെ പരാമര്‍ശമെന്നാണ് റിപ്പോര്‍ട്ട്. പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും ഒവൈസി പറഞ്ഞു.
ഇപ്പോള്‍ ഞാന്‍ എന്തെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പറഞ്ഞാല്‍ നാളെ രാവിലെ തന്നെ ബി.ജെ.പി ‘അറസ്റ്റ് ഒവൈസി’ എന്ന മുദ്രാവാക്യവുമായി വരും. സര്‍ക്കാര്‍ നടപടിയെടുക്കുകയും ചെയ്യും. പക്ഷേ വിദ്വേഷ പരാമര്‍ശം നടത്തി പത്ത് ദിവസം കഴിഞ്ഞ്, അതും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആണ് പ്രധാനമന്ത്രിക്ക് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തോന്നിയത്.
പങ്കുവെച്ച ട്വീറ്റുകളും, ഉപയോഗിച്ച ഭാഷയും തെറ്റാണെന്ന് ബോധ്യപ്പെടുന്നുണ്ടെങ്കില്‍, തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതാണ് നീതിയും,’ അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് വിദ്വേഷ പരാമര്‍ശം നടത്തിയത് ചൂണ്ടിക്കാട്ടി ബി.ജെ.പി വക്താവായിരുന്ന നുപുര്‍ ശര്‍മയേയും, നവീന്‍ കുമാര്‍ ജിന്‍ഡാലിനേയും ബി.ജെ.പി സസ്പെന്റ് ചെയ്തത്.
ഇന്തോനേഷ്യ, മാല്‍ഡീവ്സ്, ജോര്‍ദാന്‍, ബഹ്റൈന്‍, ലിബിയ എന്നീ രാജ്യങ്ങളും ഖത്തര്‍, കുവൈത്ത്, ഒമാന്‍, സൗദി, ഇറാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളോടൊപ്പം പ്രതിഷേധമറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം നുപുര്‍ ശര്‍മയ്ക്കെതിരെ ചുമത്തിയ കേസില്‍ മൊഴി രേഖപ്പെടുത്താന്‍ മഹാരാഷ്ട്ര പൊലീസ് വിളിപ്പിച്ചിരുന്നു. ജൂണ്‍ 22ന് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം.
നുപുര്‍ ശര്‍മയ്ക്കും കുടുംബത്തിനും സുരക്ഷ ഭീഷണിയുണ്ടെന്ന കാരണം മുന്‍നിര്‍ത്തി ഇവര്‍ക്ക് പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടൈംസ് നൗ ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം ഉയര്‍ത്തിയത്. ചര്‍ച്ചയുടെ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര് നുപുര്‍ ശര്‍മയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച നടന്നത്.