അഞ്ചുതെങ്ങിൽ പഴകിയ മത്സ്യം പിടികൂടി; പിടികൂടിയത് 9600 കിലോ ചീഞ്ഞമത്സ്യം
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ 9600 കിലോ പഴകിയ മത്സ്യം പിടികൂടി. സ്വകാര്യ മത്സ്യലേല ചന്തയിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യങ്ങൾ കണ്ടെത്തിയത്. പിടികൂടിയ മത്സ്യങ്ങൾ ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ സാന്നിധ്യത്തിൽ കുഴികളെടുത്ത് നശിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായിട്ടായിരുന്നു പരിശോധനകൾ നടന്നത്. ഇന്ന് രാവിലെയോടെയാണ് അഞ്ചുതെങ്ങിൽ പഴകിയ മത്സ്യം വിൽക്കുന്നവെന്ന വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിക്കുന്നത്.
സ്വകാര്യ ലോറി ഉടമകൾ ചേർന്ന് നടത്തുന്ന എം ജെ ഫിഷ് ലാൻഡ് എന്ന സ്ഥാപനത്തിലായിരുന്നു പഴകിയ മത്സ്യം വിറ്റിരുന്നത്. നിരവധി ആളുകൾ പരാതികൾ അറിയിച്ചതോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്. അങ്ങനെയാണ് ജില്ലയിലെ ഏറ്റവും വലിയ പഴകിയ മത്സ്യ റെയ്ഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ നടത്തിയത്.
നിരവധി കണ്ടെയ്നറുകളിലായിട്ടാണ് മംഗലാപുരം ഗോവ എന്നിവിടങ്ങളിൽ നിന്ന് മത്സ്യം ഇവിടേയ്ക്ക് കൊണ്ടുവന്നിരുന്നത്. പിടികൂടിയ മീനുകളൊന്നും ഭക്ഷ്യ യോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ മൊബൈൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ദിവസങ്ങൾ സഞ്ചരിച്ചാണ് മത്സ്യങ്ങൾ ഇവിടെ എത്തിയിരുന്നത്. അതിനാൽ തന്നെ ഇത്രയും ദിവസങ്ങൾ കടന്ന് എത്തുന്നതിനാൽ പലതും ചിഞ്ഞ നിലയിലായിരുന്നു.
പിടികൂടിയ മത്സ്യങ്ങളൊന്നും ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവിടെത്തന്നെ ജെസിബി കൊണ്ടുവന്ന് വലിയ കുഴികളെടുത്ത് കുഴിച്ചുമൂടുകയായിരുന്നു. തുടർനടപടികൾക്കായി ഭക്ഷ്യസുരക്ഷാവകുപ്പ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനകൾ തുടരുമെന്നും കേടുകൂടിയ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.