കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റുമോ? RBI പറയുന്നത് എന്താണ്?
കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്.
നോട്ടുകളിൽനിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റുന്നത് സംബന്ധിച്ച യാതൊരുവിധ നിര്‍ദ്ദേശങ്ങളോ പദ്ധതികളോ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം നോട്ടുകളില്‍ നിന്നും മാറ്റുമെന്ന തരത്തില്വാര്ത്തകള് പുറത്തുവന്നിട്ടുണ്ട് എന്നും അതൊന്നും യാഥാര്‍ത്ഥ്യമല്ല എന്നാണ് പ്രസ്താവനയില്‍ RBI ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ നോട്ടുകളില്‍ കാണുന്ന മുദ്രകളും മറ്റ് ചിത്രങ്ങളും മാറ്റാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടെന്നും എന്നാല്‍, മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റുന്ന തരത്തിലുള്ള ഒരു നടപടിയും സ്വീകരിക്കാൻ പോകുന്നില്ല എന്നും അറിയിപ്പില്‍ പറയുന്നു.
ഇന്ത്യൻ കറൻസിയിൽ കാണുന്ന മഹാത്മാഗാന്ധിയുടെ ചിത്രം ഉടന്‍ തന്നെ മാറ്റുമെന്ന തരത്തില്‍ ഒരിടയ്ക്ക് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. അതായത്, ചില മൂല്യങ്ങളുടെ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം മാറ്റി പകരം രവീന്ദ്രനാഥ ടാഗോർ, എപിജെ അബ്ദുൾ കലാം എന്നിവരുൾപ്പെടെ മറ്റ് പ്രമുഖരായ ഇന്ത്യക്കാരുടെ ചിത്രങ്ങൾ ഉപയോഗിക്കാൻ ധനമന്ത്രാലയവും ആർബിഐയും ആലോചിക്കുന്നതായി അടുത്തിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ക്കും തെറ്റായ പ്രചാരണങ്ങള്‍ക്കും വ്യക്തത വരുത്തിയിരിക്കുകയാണ് RBI ഇപ്പോള്‍.