താങ്കള്‍ ഒരു പച്ചയായ മനുഷ്യനാണ്, ഒരു കോണ്‍ഗ്രസുകാരനും വ്യക്തിവിരോധമില്ലാത്ത മനുഷ്യന്; കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളില്‍ ജോ ജോസഫിനെക്കുറിച്ചെഴുതിയ കുറിപ്പ് വൈറലാകുന്നു
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജോസഫിനെക്കുറിച്ചെഴുതിയ കുറിപ്പ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളില്‍ വൈറലാകുന്നു.
രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞ് ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത നല്ലൊരു പച്ചയായ മനുഷ്യനാണ് ജോ ജോസഫെന്നും അദ്ദേഹത്തെ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.ജോ ജോസഫ് ഒരു നിഷ്കളങ്കന് ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നാക്ക് പിഴകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ പെരുമാറ്റങ്ങളില്‍ ഒരു തിടുക്കവും ആവലാതിയും നമ്മള് കണ്ടിട്ടുണ്ട്,’ പോസ്റ്റില്‍ കുറിച്ചു.
‘രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞു ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യന്,
അപമാന ഭാരത്താല്‍ തല കുനിച്ചല്ല, തല നിവര്‍ത്തി അഭിമാനത്തോടെ ജീവിക്കുക.
ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേത് കൂടിയാണ് .
നിങ്ങളെ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുണ്ട്. ഞങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. അതാണ് ഞങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്കാരവും ഞങ്ങളെ പഠിപ്പിച്ചതും. ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവര്‍ത്തങ്ങളെയും അനുഗ്രഹിക്കട്ടെ,’ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
തന്നെ ഏല്പിച്ച ജോലി ഭംഗിയായി ചെയ്തുവെന്ന് നൂറുശതമാനം വിശ്വസിക്കുന്നുവെന്നായിരുന്നു തൃക്കാക്കരയിലെ പരാജയത്തിന് ശേഷം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജോ ജോസഫ് പ്രതികരിച്ചത്.
പാളിച്ച സംഭവിച്ചതിനെ കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും രാഷ്ട്രീയത്തിന് അതീതമായി കൂടെനിന്ന എല്ലാവര്ക്കും, സഖാക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നെന്നും ജോ പറഞ്ഞിരുന്നു. താന്‍ ഇവിടെത്തന്നെയുണ്ടാകുമെന്നും പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിച്ചയാളാണ് താനെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.