ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; ശരിയായ ദിശയില്‍ ചുവടുവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്ക് അഭിനന്ദനം: അമരീന്ദര്‍ സിങ്
ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേര്‍ന്ന അഞ്ച് നേതാക്കള്‍ക്ക് അഭിനന്ദനവുമായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.
‘ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ശരിയായ ദിശയില്‍ ചുവടുവെച്ച് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് ബല്‍ബീര്‍ എസ്. സിദ്ധു, ഗുര്‍പ്രീത് എസ്. കംഗാര്, ഡോ. രാജ് കുമാര്‍ വെര്‍ക്ക, സുന്ദര്‍ ഷാം അറോറ, കേവല്‍ സിങ് ധില്ലണ്‍ എന്നിവര്‍ക്ക് എന്റെ ആശംസകള്‍,’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
നാല് മുന്‍മന്ത്രിമാരടക്കം അഞ്ച് നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാഞ്ച്കുലയില്‍ അമിത്ഷായുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കള്‍ അംഗത്വം സ്വീകരിച്ചത്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദളിത് മുഖമായ രാജ് കുമാര്‍ വെര്‍ക, പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായ സുന്ദര്‍ശ്യാം അറോറ, ജാട്ട് – സിഖ് നേതാക്കളായ ബല്‍ബീര്‍ സിംഗ് സിദ്ദു, ഗുര്‍പ്രീത് സിംഗ് കംഗര്‍, മുന്‍ എം.എല്‍.എ. ബര്‍ണ്ണാല സിങ് എന്നിവരാണ് പാര്‍ട്ടി വിട്ടത്.
അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പി.സി.സി അധ്യക്ഷന്‍ സുനില്‍ ജാഖറുമായി അടുത്ത ബന്ധമുള്ള നേതാക്കളാണ് ഇപ്പോള്‍ ബി.ജെ.പിയിലേക്ക് പോകുന്ന അഞ്ച് പേരും.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ശേഷം കോണ്‍ഗ്രസിന് ഭാവിയില്ലെന്ന പ്രതികരണവുമായാണ് നേതാക്കള്‍ പാര്‍ട്ടിയുടെ പടിയിറങ്ങുന്നത്.