പ്രശസ്ത ചിത്രകാരൻ പി. ശരത് ചന്ദ്രൻ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ പി. ശരത് ചന്ദ്രൻ അന്തരിച്ചു. 79 വയസ്സായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.
റിച്ചാർഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നുനെന്ന നിലയിൽ പ്രശസ്തനായിരുന്നു അദ്ദേഹം. നിരവധി പരസ്യങ്ങൾക്കായി ചിത്രങ്ങളും ഡിസൈനുകളും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. ഓയിൽ കളർ, ജലഛായം, അക്രിലിക്, ചാർക്കോൾ എന്നിവയിലൊക്കെ പ്രാഗൽഭ്യം തെളിയിച്ച ചിത്രകാരനാണ് ശരത് ചന്ദ്രൻ.
തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സിലെ സിവി ബാലൻ നായർക്ക് കീഴിലാണ് അദ്ദേഹം ചിത്രകലാഭ്യസനം നടത്തിയത്. 64 ൽ ബോംബെയിൽ എത്തിയ ശരത് ചന്ദ്രൻ ശാന്തിനികേതനിൽ നിന്നുള്ള എൻ ആർ ഡേയുടെ കീഴിൽ ജോലി ചെയ്തിരുന്നു. ലോകത്തെമ്പാടും വിൽക്കുന്ന 800 ൽ പരം സിഗററ്റുകൾ ഡിസൈൻ ചെയ്തത് ശരത് ചന്ദ്രനാണ്.
ഓർബിറ്റ് എന്ന പേരിൽ സ്വന്തമായി പരസ്യ ഏജൻസിയും അദ്ദേഹം നടത്തിയിരുന്നു. സംസ്കാരം വൈകുന്നേരം നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.