സ്പൈസ് ജെറ്റിന്റെ വെബ്സൈറ്റിൽ റാൻസംവെയർ ആക്രമണം ; വിമാനങ്ങൾ വൈകി.
ന്യൂ ഡൽഹി : സൈബർ അറ്റാക്കിനെ തുടർന്ന് സ്പൈസ് ജെറ്റിന്റെ നിരവധി വിമാനങ്ങൾ വൈകി. റാൻസംവെയർ അറ്റാക്ക് മൂലമാണ് വിമാനങ്ങൾ വൈകിയതെന്ന് സ്പൈസ് ജെറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇന്ന്, മെയ് 25 ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വൈകിയാണ് പുറപ്പെട്ടത്. ഇന്നലെ , മെയ് 24 ന് രാത്രിയോടെയാണ് സ്പൈസ് ജെറ്റിന്റെ വെബ്സൈറ്റുകളിൽ സൈബർ ആക്രമണം ഉണ്ടായത്.പ്രശ്നം പരിഹരിച്ചതായും, വിമാനങ്ങൾ സർവീസുകൾ പുനഃസ്ഥാപിച്ചതായും സ്പൈസ് ജെറ്റിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ഇതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. എന്നാൽ സ്പൈസ് ജെറ്റ് ഇതിനെ കുറിച്ച് അറിയിപ്പുകൾ ഒന്നും തന്നെ നൽകാതിരുന്നത് യാത്രക്കാരെ പ്രകോപിതരാക്കിയിരുന്നു. നിരവധി പേർ പ്രശ്നം ട്വിറ്ററിലൂടെ പങ്ക് വെക്കുകയും ചെയ്തിരുന്നു.