ഞങ്ങളെയെല്ലാം ഒരുമിച്ചങ്ങ് അറസ്റ്റ് ചെയ്തേക്കൂ’; മനീഷ് സിസോദിയയേയും അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര നീക്കമെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂദല്‍ഹി: ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
അറസ്റ്റിന് അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും ഇത് സംബന്ധിച്ച് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കെജ്രിവാള് പറഞ്ഞു.
വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ദല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെ അറസ്റ്റ് ചെയ്യുമെന്ന വിവരം ലഭിച്ച അതേ സ്രോതസുകളില്‍ നിന്നാണ് ഈ വിവരവും ലഭിച്ചതെന്നും ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
ദല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെതിരെ ചെയ്തത് പോലെ മനീഷ് സിസോദിയയെയും കള്ളക്കേസില്‍ കുടുക്കാനാണ് അന്വേഷണ ഏജന്‍സികളിലൂടെ കേന്ദ്രത്തിന്റെ നീക്കമെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ശോഭനമായ ഭാവി നല്കിയ ആളാണ് സിസോദിയ. മനീഷ് സിസോദിയയെയും സത്യേന്ദ്ര ജെയിനിനെയും പോലുള്ള ആളുകളെ അഴിക്കുള്ളില്‍ ഇടുന്നതിലൂടെ, ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും അവര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികളെ തടയാനാണ് ഇവരുടെ ശ്രമം,” അരവിന്ദ് കെജ്രിവാള് പറഞ്ഞു.
”ഞങ്ങളെയെല്ലാവരെയും ഒരുമിച്ച് അറസ്റ്റ് ചെയ്തേക്കൂ, എന്നാല്‍ ഞങ്ങള്‍ക്ക് അത് കഴിഞ്ഞ് വര്‍ക്ക് ചെയ്യാം,” കേന്ദ്ര സര്‍ക്കാരിനോടുള്ള മറുപടിയായി കെജ്രിവാള് പറഞ്ഞു.
മെയ് 30നായിരുന്നു ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ജെയ്നിനെതിരെ മൊഴിയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്.ജെയ്നിന് നേരെ ഇ.ഡിയുടെ അറസ്റ്റ് ഉണ്ടാകുമെന്ന് മാസങ്ങള്‍ക്ക് മുമ്പെ തന്നെ സൂചന ലഭിച്ചിരുന്നതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജനുവരിയില്‍ നടന്ന റാലിക്കിടെ പറഞ്ഞിരുന്നു.