കേസില്‍ നിന്ന് പിന്മാറില്ലെന്ന് ജഡ്ജി; അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഹരജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. നിയമപരമായി കേസില്‍ നിന്ന് പിന്മാറാന് കഴിയില്ലെന്ന് കൗസര്‍ എടപ്പഗത്ത് പറഞ്ഞു.
അതേസമയം ദൃശ്യങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് എട്ടാം പ്രതി ദിലീപ് ഹൈക്കോടതിയോട് പറഞ്ഞു.ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണെന്നും പിന്നെ എന്തിനാണ് കൂടുതല്‍ സമയം അനുവദിക്കുന്നത് എന്ന ചോദ്യവുമാണ് പ്രതിഭാഗം കോടതിയില്‍ ചോദിച്ചത്. അന്വേഷണത്തിന് കൂടുതല്‍ സമയംഅനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം മൂന്നുമാസം മുന്‍പ് ക്രൈംബ്രാഞ്ചിനു കിട്ടിയതാണ്. അത് ഇതുവരെ പരിശോധിച്ചില്ലെന്ന ക്രൈംബ്രാഞ്ചിന്റെ വാദം വിശ്വസിക്കരുത്. വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്നു ലഭിച്ചതാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ പക്കലുണ്ടെന്ന വാദം അന്വേഷണ സംഘം ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. കേസ് അട്ടിമറിക്കപ്പെടുകയാണെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം.
ഹരജിയില്‍ സര്‍ക്കാര്‍ മറുപടി നല്കി. സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നും ഹരജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന അതിജീവതയുടെ ആവശ്യത്തില്‍ അനുകൂല നിലപാടാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അന്വേഷണ സംഘത്തിന് മേല്‍ ഒരുതരത്തിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടില്ലെന്നും സത്യസന്ധമായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുവട്ടം തുറന്നു എന്നുള്ള ഫോറന്‍സിക് സയന്‍സ് ലാബിലെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018 ല്‍ കോടതി ആവശ്യത്തിനല്ലാതെ, മെമ്മറി കാര്‍ഡിന്റെ ഹാര്‍ഷ് വാല്യു രണ്ടു വട്ടം മാറിയെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.