സ്ലീവാച്ചന്റെ ചേച്ചിയായി പ്രേക്ഷക ശ്രദ്ധ നേടി; ജോ&ജോ ഒ.ടി.ടി റിലീസിന് പിന്നാലെ സ്മിനുവിന് വീണ്ടും കയ്യടിച്ച് പ്രേക്ഷകര്‍
നവാഗതനായ അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ജോ ആന്‍ഡ് ജോ കഴിഞ്ഞ ഏപ്രില്‍ 13നാണ് റിലീസ് ചെയ്തത്. കൊവിഡ് കാലത്ത് സഹോദരങ്ങളായ ജോമോന്റേയും ജോമോളുടെയും വീട്ടില്‍ നടക്കുന്ന ചില സംഭവവികാസങ്ങളെ ചുറ്റിപറ്റി ഒരുങ്ങിയ ചിത്രം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രം ജൂണ്‍ പത്തിന് ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലാണ് ജോ ആന്‍ഡ് ജോ റിലീസ് ചെയ്തത്.
ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ജോ ആന്‍ഡ് ജോയെ പറ്റിയുള്ള ചര്‍ച്ചകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്. ജോമോളായി എത്തിയ നിഖില വിമലും ജോമോനായി എത്തിയ മാത്യുവും ജോമോന്റെ കൂട്ടുകാരെ അവതരിപ്പിച്ച നസ്ലിനും മെല്വിനുമൊക്കെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയത്. ജോ ആന്‍ഡ് ജോയിലെ അഭിനയത്തിലൂടെ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ് ജോമോന്റെയും ജോമോളുടെയും അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സ്മിനു സിജോ.
പരസ്പരം തല്ലുകൂടുന്ന മക്കളുടെ വഴക്ക് പരിഹരിക്കാന്‍ ശ്രമിക്കുന്ന സ്മിനുവിന്റെ കഥാപാത്രത്തിനും പ്രശംസകള്‍ വരുന്നുണ്ട്. വോളിബോളിന്റെ പുറകെ നടന്ന് പഠിത്തത്തില്‍ ശ്രദ്ധിക്കാനാവാതെ ഒടുവില്‍ രണ്ടും ഇല്ലാതായി പോവുന്ന അമ്മ കഥാപാത്രത്തിന്റെ ദുഖം പ്രേക്ഷകരിലേക്കെത്തിക്കാന്‍ സ്മിനുവിനായിട്ടുണ്ട്.
അതിനൊപ്പം തന്നെ മകന് എല്ലാ പ്രിവിലേജുകളും കൊടുക്കുമ്പോഴും മകളെ 16ാം വയസ് മുതല്‍ നല്ലൊരു ഭാര്യയാക്കാനുള്ള പരിശീലനം കൊടുക്കുന്ന ശരാശരി സ്ത്രീകളെയും സ്മിനുവിന്റെ കഥാപാത്രം പ്രതിനിധീകരിക്കുന്നു. ചിത്രത്തില്‍ നിഖിലക്കും മാത്യുവിനുമൊപ്പം നില്ക്കുന്ന പ്രകടനമാണ് സ്മിനുവിന്റേതും.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സ്കൂള്‍ ബസ് എന്ന ചിത്രത്തിലൂടെയാണ് സ്മിനു അഭിനയം തുടങ്ങുന്നത്. പിന്നാലെ സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ഞാന്‍ പ്രകാശനില്‍ ശ്രീനിവാസന്റെ ഭാര്യയായും സ്മിനു എത്തി.
ആസിഫ് അലി നായകനായ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ ആസിഫിന്റെ ചേച്ചിയായി എത്തിയതോടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതിനോടകം 20തോളം സിനിമകളില്‍ സ്മിനു വേഷമിട്ടിട്ടുണ്ട്.