പാട്ട് പാടി നൃത്തം ചെയ്ത് തീയില്‍ ചാടുന്ന റാണി; സാമ്രാട്ട് പൃഥ്വിരാജിലെ സതിക്കെതിരെ വിമര്‍ശനം
ചന്ദ്രപ്രകാശ് ദ്വിവേദിയുടെ സംവിധാനത്തിലൊരുങ്ങിയ സാമ്രാട്ട് പൃഥ്വിരാജ് കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്. 12ാം നൂറ്റാണ്ടിലെ രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജിനേയും തന്റെ രാജ്യത്തെ ആക്രമിക്കാനെത്തിയ മുഹമ്മദ് ഗോറിയുമായുള്ള പോരാട്ടത്തേയുമാണ് ചിത്രത്തില്‍ ആവിഷ്കരിച്ചത്.
സാമ്രാട്ട് പൃഥ്വിരാജ് സതിയെ മഹത്വവല്‍ക്കരിക്കുന്നു എന്ന വിമര്‍ശനം ഉയരുകയാണ്. മാനുഷി ചില്ലര്‍ അവതരിപ്പിച്ച റാണി സന്യോഗിതയുടെ ആത്മഹത്യ ധീരതയും ത്യാഗവുമായിട്ടാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സതിയെ പിന്തുണയ്ക്കുന്നില്ല എന്ന ഡിസ്ക്ലെയ്മര്‍ ചിത്രത്തില്‍ നല്‍കുന്നുണ്ട്. എന്നാല്‍ സിനിമ കാണുമ്പോള്‍ നേര്‍വിപരീതമായ അനുഭവമാണ് ലഭിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.
2017ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ പുറത്തുവന്ന പത്മാവതിനെതിരെയും സമാനമായ വിമര്‍ശനമുയര്‍ന്നിരുന്നു. അലാവുദീന്‍ ഖില്‍ജി രജപുത് ഭരണാധികാരി മഹര്‍വാള്‍ രത്തന്‍സിങ്ങിനെ പരാജയപ്പെടുത്തി എന്നറിഞ്ഞതോടെ റാണി പത്മാവതി നാടകീയമായി അഗ്നിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
സാമ്രാട്ട് പൃഥ്വിരാജില്‍ യുദ്ധത്തില്‍ രജപുത്രര്‍ പരാജയപ്പെട്ടു എന്ന വിവരം ലഭിച്ചതിന് ശേഷം ഒരു യോദ്ധാവിനെ പോലെ വേഷമണിഞ്ഞ സന്യോഗിത ഗാനത്തിന്റേയും നൃത്തത്തിന്റേയും അകമ്പടിയോടെ അഗ്നിയിലേക്ക് ചാടുന്നതാണ് കാണിക്കുന്നത്.
മറ്റൊരു രംഗത്തില്‍ സദസില്‍ രാജാവിന്റെ സമീപമിരുന്ന് സ്വന്തം അവകാശങ്ങള്‍ക്കായി റാണി സന്യോഗിത വാദിക്കുന്നുണ്ട്. ഇതേ സിനിമയില്‍ തന്നെ സന്യോഗിതയുടെ ആത്മഹത്യ റൊമാന്റിസൈസ് ചെയ്തുകാണിക്കുന്നത് എന്ത് വൈരുധ്യമാണെന്നും പ്രേക്ഷകര്‍ ചോദിക്കുന്നു.
റിലിസീന് പിന്നാലെ സമ്മിശ്ര പ്രതികരണമായിരുന്നു സാമ്രാട്ട് പൃഥ്വിരാജിന് ലഭിച്ചത്. ബോക്സ് ഓഫീസിലും ചിത്രം നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയാണ്. ഏകദേശം 300 കോടി രൂപ മുതല്‍മുടക്കില്‍ വലിയ പ്രതീക്ഷകളോട് കൂടി തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇതുവരെ നേടിയത് നാല്പ്പത്തഞ്ചു കോടി രൂപ മാത്രമാണ്.
സാറ്റലൈറ്റ്, ഓവര്‍സീസ്, ഒ.ടി.ടി തുക ലഭിച്ചാല്‍ പോലും ചിത്രം വലിയ നഷ്ടം നേരിടും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ക്ക് ലഭിച്ച തുക ഉള്‍പ്പെടെ കണക്കാക്കിയാല്‍ പോലും ചിത്രം 100 കോടി രൂപ നഷ്ടം നേരിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.