ജിന്ന് ഒഴിഞ്ഞുപോകാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നാവശ്യം, യുവതിയെ ബലാത്സംഗം ചെയ്ത മൗലവി അറസ്റ്റില്‍

ലക്നൗ: ഹിന്ദു യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും മാസങ്ങളോളം പീഡിപ്പിച്ച മൗലവി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ഗോണ്ട സ്വദേശി ജുനൈല്‍ അബ്ദിന്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയുടെ വീടിന് എതിര്‍വശത്താണ് ജുനൈലിന്റെ മകനും കുടുംബവും താമസിക്കുന്നത്. അടിക്കടി ഇവിടേക്ക് വരാറുള്ള ജുനൈല്‍ യുവതിയും മകളും ഒറ്റയ്ക്കാണ് താമസമെന്ന് മനസ്സിലാക്കുകയായിരുന്നു. വീടിനുള്ളില്‍ പ്രേതബാധയുണ്ടെന്ന് പറഞ്ഞാണ് മൗലവി യുവതിയുമായി ബന്ധം സ്ഥാപിച്ചത്. പ്രേതബാധയുടെ പേരില്‍ വീട്ടില്‍ വരുന്നത് ഇയാള്‍ പതിവാക്കി. പിന്നീട് പ്രേതബാധ പൂര്‍ണമായും മാറണമെങ്കില്‍ താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച യുവതിയെ ഇയാള്‍ ബലാത്സംഗം ചെയ്തു. ശേഷം മകളെയും ബലാത്സംഗത്തിന് ഇരയാക്കി. പിന്നീടുള്ള ദിവസങ്ങളിലും ഇയാള്‍ ഭീഷണിപ്പെടുത്തി ഇത് ആവര്‍ത്തിക്കുകയായിരുന്നു.

കഴിഞ്ഞ ആറ് മാസമായി തന്നെയെയും മകളെയും മൗലവി പീഡിപ്പിച്ചുവരികയാണെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്.