ഒരു മില്യൺ കാറുകൾ തിരിച്ചു വിളിച്ചു് മെഴ്സിഡിസ്
ബ്രേക്ക് തകരാർ മൂലം ഒരു മില്യൺ കാറുകളെ തിരിച്ച് വിളിക്കാനൊരുങ്ങി മെഴ്സിഡസ് ബെൻസ്. 2004 നും 2015 നും ഇടയിൽ വിറ്റുപോയ പഴയ എസ്യുവികളെയും എംപിവികളെയും തിരിച്ച് വിളിക്കാനാണ് കമ്പനി തയാറെടുക്കുന്നതെന്ന് ജർമ്മൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (കെബിഎ) റിപ്പോർട്ടിൽ പറയുന്നു. മെഴ്സിഡസ് ബെൻസിന്റെ ML, GL എസ്യുവികൾക്കൊപ്പം ആർ-ക്ലാസ് എംപിവികളും ഇതിൽ ഉൾപ്പെടും. ഇത് സംബന്ധിച്ച് കമ്പനി ഉടൻ പ്രസ്താവന ഇറക്കുമെന്നാണ് ഓട്ടോകാറിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
2004 നും 2015 നും ഇടയിൽ വിറ്റഴിച്ച തകരാറുള്ള മോഡലുകളെല്ലാം ഒരേ വലിയ മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. ആഡംബര കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഈ മോഡലുകളെല്ലാം ഒരു നിശ്ചിത സമയത്തേക്ക് ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ വിപണിയിലുള്ള ഈ മോഡലുകളെ തിരിച്ച് വിളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 9,93,407 മോഡലുകളിലാണ് പ്രശ്നം നേരിടുന്നത്. ഇതിൽ 70,000 മോഡലുകളും ജർമനിയിൽ തന്നെയാണ്.
കെബിഎ പ്രസ്താവന പ്രകാരം ശക്തമായതോ കഠിനമോ ആയ ബ്രേക്കിംഗ് ബ്രേക്ക് ബൂസ്റ്ററിനെ നശിപ്പിക്കുകയും ബ്രേക്ക് പെഡലും ബ്രേക്കിംഗ് സിസ്റ്റവും തമ്മിലുള്ള ബന്ധം തകർക്കുകയും ചെയ്യും. റീകോൾ ‘ഉടൻ’ ആരംഭിക്കുമെന്ന് Mercedes-Benz Group AG പ്രസ്താവനയിലൂടെ അറിയിച്ചു. കാറിന്റെ ഉടമസ്ഥനെ വിളിച്ച് തകരാറുള്ള വാഹനങ്ങൾ പരിശോധിച്ച് അത് ആവശ്യാനുസരണം ഭാഗങ്ങൾ മാറ്റി റിപ്പെയർ ചെയ്യുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. അപകടത്തിൽപ്പെട്ട മെഴ്സിഡസ് വാഹനങ്ങൾ കമ്പനി പരിശോധിക്കുന്നത് വരെ ആരും ഓടിക്കരുതെന്നും കമ്പനി നിർദേശം നൽകിയിട്ടുണ്ട്.
2021ൽ സമാനമായ രീതിയിൽ യുഎസിൽ നിന്നുള്ള കാറുകൾ മെഴ്സിഡസ് തിരിച്ച് വിളിച്ചിരുന്നു. 2018 നും 2019 നും ഇടയിൽ യുഎസിൽ വിറ്റ വാഹനങ്ങളായിരുന്നു അന്ന് തിരിച്ച് വിളിച്ചത്.